panakkad shihab family

ഹളർ മൗതിൽ ജനിച്ച സയ്യിദ് അലി ശിഹാബുദ്ദീൻ പതിനെട്ടാം നൂറ്റാണ്ടിൽ കോഴിക്കോട് എത്തിച്ചേരുകയും കുറച്ചു നാൾ സയ്യിദ് ജിഫ്രി തങ്ങളുടെ കൂടെ താമസിക്കുകയും അതിനു ശേഷം ഖാളി സ്ഥാനം ഏറ്റെടുത്ത് വളപട്ടണത്ത് എത്തുകയും ചെയ്തു. അദ്ദേഹത്തിൻ്റെ മഖ്ബറ വളപട്ടണം കക്കുളങ്ങര മസ്ജിദിൽ സ്ഥിതി ചെയ്യുന്നു. അദ്ദേഹത്തിന് രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു. ദ്വിതീയ പുത്രനായ സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ (ജനനം 1194 റമളാൻ 24, യമനിലെ തെരീം) എന്നവർ കണ്ണൂർ അറക്കൽ രാജകുടുംബത്തിൽ നിന്നും ഖദീജ എന്നവരെ വിവാഹം ചെയ്തു. മരുമക്കത്തായ സമ്പ്രദായ പ്രകാരം അറക്കൽ കുടുംബത്തിൽ താമസമാക്കി. അദ്ദേഹത്തിൻ്റെ ഭാര്യ ഖദീജ പാരമ്പര്യ പ്രകാരം അറക്കൽ റാണിയായി. സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ തങ്ങൾ രാജ ജീവിതത്തിൽ തൽപരനല്ലാത്തതി നാൽ കോഴിക്കോട്ടേക്ക് താമസം മാറി. അവിടെ കുമ്മട്ടിവീട് എന്ന പുരയും തെങ്ങിൻ തോപ്പും വിലക്ക് വാങ്ങി, തൊട്ടടുത്ത് ഒരു പള്ളിയും പണി കഴിപ്പിച്ചു. കണ്ണൂരിൽ മരുമക്കളെ 'എളയ' എന്ന് വിളിക്കുന്നതിനാൽ ഈ പള്ളി 'എളയൻ്റെ പള്ളി' എന്നറിയപ്പെട്ടു.

ഇദ്ദേഹത്തിന് ഖദീജ എന്നവരിൽ 4 ആൺമക്കൾ ജനിച്ചു. ഇതിൽ മൂത്ത പുത്രനായ സയ്യിദ് മുഹ്ളാർ ശിഹാബുദ്ദീൻ (ജനനം ഹിജ്റ 1212 റജബ്, കണ്ണൂർ) മലപ്പുറത്ത് തമാസമാക്കുകയും കോയമരക്കാരകത്ത് നിന്നും മലപ്പുറത്ത് ബുഖാരി കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും ചെയ്തു. മലപ്പുറം വലിയങ്ങാടി വലിയ ജുമാ മസ്ജിദിൻ്റെ വടക്ക് ഭാഗത്തുള്ള ബുഖാരി സാദാത്ത് മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്നു. ഇദ്ദേഹത്തിൻ്റെ പുത്രനായ സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങൾ (ജനനം ഹിജ്റ 1231 ശഅ്ബാൻ) കോഴിക്കോട് കോയമരക്കാരകത്ത് ഫാത്തിമ എന്നവരാണ് മാതാവ്. പണ്ഡിതനും മുഫ്തിയുമായിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്നു. സ്വദേശത്ത് തന്നെ മതപഠനം നടത്തി പഠനാനന്തരം മലപ്പുറം വലിയ ജമാഅത്ത് പള്ളിയിൽ ദർസ് നടത്തി. പാണക്കാട് പഴയ പുരക്കൽ തറവാട്ടിലായിരുന്നു താമസം. തികഞ്ഞ ബ്രിട്ടീഷ് വിരോധിയായ ഇദ്ദേഹം സ്വാതന്ത്ര്യ സമര സേനാനികൾക്ക് ഉറുക്ക് നൽകിയ കാരണത്താൽ തങ്ങൾ അറസ്റ്റ് ചെയ്യപ്പെടുകയും വെല്ലൂരിലേക്ക് നാട് കടത്തപ്പെടുകയും ചെയ്തു. തങ്ങൾ അവിടെ വെച്ച് വാഫാത്തായി വെല്ലൂരിൽ അന്ത്യ വിശ്രമം കൊള്ളുന്നു. ഇദ്ദേഹത്തിന് ആറ് ആൺമക്കളും രണ്ട് പെൺ മക്കളും ഉണ്ടായിരുന്നു.
1. സയിദ് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങൾ പഴയ പുരക്കൽ
2. സയ്യിദ് മുഹ്ളാർ കുഞ്ഞി സീതിക്കോയ തങ്ങൾ കുന്നത്തൊടുവിൽ
3. സയ്യിദ് അഹ്മദ് ഇമ്പിച്ചിക്കോയ തങ്ങൾ പഴയ പുരക്കൽ
4. സയ്യിദ് അലി പൂക്കോയ തങ്ങൾ കൊടപ്പനക്കൽ
5. സയ്യിദ് അബ്ദുള്ളക്കോയ തങ്ങൾ
6. സയ്യിദ് ഫള്ൽ ചെറു കുഞ്ഞിക്കോയ തങ്ങൾ
ഈ ആറ് ആൺ മക്കളുടെ സന്താന പരമ്പരയാണ് പാണക്കാട് ശിഹാബുദ്ദീൻ ഖബീല.

History

Events